ക്ഷേത്രങ്ങളിലെ നിധിശേഖരങ്ങളുടെ ഉദ്‌ഭവം Text Size: സഹസ്രാബ്‌ദങ്ങള്‍ക്കു മുമ്പേ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. നാടുവാഴികളാണ് അന്നു രാജ്യം ഭരിച്ചിരുന്നത്. അക്കാലത്തു ഗ്രാമസഭകള്‍ അതായത് ഒരു പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളുമെല്ലാം കണ്ടെത്തിയിരുന്നതും നടപ്പാക്കിയിരുന്നതും ക്ഷേത്രസന്നിധിയിലായിരുന്നു. സഭയുടെ പ്രസിഡന്റായി ക്ഷേത്രത്തിലെ ദേവനെ കാണും. ഒരിക്കലും മരണമില്ലാത്തതും ക്ഷയിക്കാത്തതുമായ ദേവനെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു വ്യക്‌തിയാകും കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
ഇപ്രകാരം ദേവന്റെ സന്നിധിയില്‍ തീര്‍പ്പാക്കുകയും മറ്റും ചെയ്യുന്ന കൃത്യങ്ങള്‍ക്കുള്ള പ്രായശ്‌ചിത്തമായി ലഭിക്കുന്ന വസ്‌തുക്കളും ദേവനു തന്നെയായിരുന്നു സമര്‍പ്പിക്കുന്നത്. ഇങ്ങനെയാണു മിക്ക ക്ഷേത്രങ്ങളിലും അമൂല്യവസ്‌തുക്കളുടെ സമ്പാദ്യങ്ങള്‍ കുന്നുകൂടിയിരുന്നത്.
ദേവപ്രതിനിധിയായുള്ള വ്യക്‌തിയുടെ വാക്കുകള്‍ ദേവതുല്യമായി കണ്ടിരുന്നതുകൊണ്ടും അതില്‍ വിവേചനം കലരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടും മറ്റുള്ളവര്‍ അയാളുടെ വാക്കുകളെ ധിക്കരിച്ചിരുന്നില്ല. ദേവനു സമര്‍പ്പിക്കപ്പെടുന്ന വസ്‌തുക്കളും പണവും ചെലവഴിക്കാതെ സംരക്ഷിക്കുന്നതിലും അവര്‍ ശ്രദ്ധ ചെലുത്തിയിരുന്നു.
ഇങ്ങനെയുള്ള കാലഘട്ടങ്ങള്‍ക്കു ശേഷം ചേരമാന്‍ പെരുമാള്‍ കാലമെത്തിയതോടെ നാടുവാഴികള്‍ മാറി. എല്ലാം സ്വതന്ത്രരാജ്യമായി മാറി. ആ കാലഘട്ടത്തിലും കുലദേവതാ ക്ഷേത്രത്തിലെ ഊരാളന്‍മാര്‍ക്കായിരുന്നു ശിക്ഷാവിധികളുടേയും മറ്റും ചുമതല. ഇവരും അവരവരുടെ ക്ഷേത്രങ്ങളില്‍ സമ്പാദ്യങ്ങള്‍ ശേഖരിച്ചുവയ്‌ക്കാന്‍ തുടങ്ങിയിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചേരന്‍മാരും നാമാവശേഷമായി. അതിനു ശേഷം പതിനെട്ടാം നൂറ്റാണ്ടില്‍ വന്ന മാര്‍ത്താണ്ഡവര്‍മയാണ് ഇന്നത്തെ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിധികളില്‍ ഏറെയും സംഭരിച്ചതെന്നാണു ചരിത്രം. അതിനു മുമ്പും ഈ ക്ഷേത്രത്തില്‍ നിധികള്‍ സൂക്ഷിച്ചിരുന്നു.
കോലത്തുനാട്, കോഴിക്കോട്, വെമ്പലനാട്, വേണാട്, ആയനാട്, കൊച്ചി എന്നിവയായിരുന്നു അന്നത്തെ സമ്പന്ന രാജ്യങ്ങള്‍. കടലോരവുമായി ബന്ധപ്പെട്ടുള്ള ഇത്തരം രാജ്യങ്ങളുടെ സമ്പാദ്യവും അനന്തമായിരുന്നു. ആയ് രാജാക്കന്‍മാരുടെ വകയായിരുന്നു ശ്രീപദ്‌മനാഭ ക്ഷേത്രമെന്നാണു സംഘം കൃതികള്‍. വേണാട് രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ ആയ്‌നാടും മറ്റു രാജ്യങ്ങളും കീഴടക്കി. കൂടാതെ മധ്യകേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും മാര്‍ത്താണ്ഡവര്‍മ കീഴടക്കുന്നതില്‍ മന്ത്രിയായിരുന്ന രാമയ്യന്റെ സംഭാവന വളരെ വലുതായിരുന്നു. ബ്രാഹ്‌മണനായ രാമയ്യന്റെ നിര്‍ദേശപ്രകാരം മറ്റു രാജ്യങ്ങളിലെ മുഴുവന്‍ സമ്പാദ്യങ്ങളും കൊള്ളയടിക്കുന്നതില്‍ വിജയിക്കാനും മാര്‍ത്താണ്ഡവര്‍മയ്‌ക്കു കഴിഞ്ഞു. ചെറു നാട്ടുരാജാക്കന്‍മാരും അവരുടെ പിതാമഹന്‍മാരും സമ്പാദിച്ച മുഴുവന്‍ സ്വത്തുക്കളും അങ്ങനെ മാര്‍ത്താണ്ഡവര്‍മ കൈവശപ്പെടുത്തി. ഇതു പിന്നീട് തിരുവനന്തപുരത്തെത്തിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സംരക്ഷിച്ചെന്നാണു ചരിത്രം.
അതേസമയം, മാര്‍ത്താണ്ഡവര്‍മയുടെ കുറ്റബോധം കാരണം ദേവനു സ്വത്തിന്റെ ഭൂരിഭാഗവും സമര്‍പ്പിക്കും. ഇതു പിന്നീട് എടുക്കുകയില്ല. പില്‍ക്കാലത്തു രാജ്യത്ത് ക്ഷേമവും കഷ്‌ടപ്പാടും അനുഭവിക്കേണ്ടി വരുമ്പോള്‍ ഇതെടുത്ത് ഉപയോഗിക്കാമെന്നു മാര്‍ത്താണ്ഡവര്‍മ കരുതിയിട്ടുണ്ടാകുമെന്നും കരുതുന്നുണ്ട്.
തിരുവല്ല, തുരുപാല്‍ കടല്‍, തൃക്കാക്കര, തിരുക്കണ്ടിയൂര്‍, തിരുകവിയൂര്‍ വരെ മാര്‍ത്താണ്ഡവര്‍മ കീഴടക്കിയിരുന്നു. രാജാവിനെ കൊല്ലാതെ രാജ്യസമ്പത്ത് ഊറ്റിയെടുക്കുകയും കപ്പം കണക്കാക്കി രാജ്യം വിട്ടുകൊടുക്കുകയുമാണ് അന്നു ചെയ്‌തിരുന്നത്. ഇത്തരം സമ്പാദ്യങ്ങളാണ് ക്ഷേത്രത്തില്‍ ഇന്നും നിലനില്‍ക്കുന്നത്. ദേവന്റെ സമ്പത്ത് മോഷ്‌ടിക്കാനോ ചെലവിടാനോ പാടില്ലെന്നും അതു പാപമാണെന്നുമുള്ള വിശ്വാസവും അക്കാലത്തുണ്ടായിരുന്നു. അതിനാല്‍ സ്വദേശത്തു നിന്നുള്ള ആക്രമണങ്ങള്‍ക്കു പത്മനാഭസന്നിധി സാക്ഷ്യം വഹിച്ചതുമില്ല.
പശ്‌ചിമഘട്ടവും കടന്നു തെക്കേ അറ്റത്തുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കു വിദേശികളുടെ ആക്രമണവും ഉണ്ടായിരുന്നില്ല. ഗുരുവായൂരും തിരുവഞ്ചിക്കുളവും ആക്രമിച്ച ടിപ്പുവിന്റെ പടയ്‌ക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമുല്യനിധി സ്‌പര്‍ശിക്കാനായില്ല. ഭൂപ്രകൃതിയും ക്ഷേത്രത്തിന്റെ സംരക്ഷണവും പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിമൂല്യങ്ങള്‍ക്കു കാവലായി.
No comments:
Post a Comment